ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രവും ഭൂപ്രകൃതിയും
കേരളത്തിന്റെ വടക്കേ അറ്റത്ത് കർണ്ണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ഏകദേശം 72.5 ച.കിലോ മീറ്ററിൽ വ്യാപിച്ച് കിടക്കുന്ന പൈവളികെ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന ജീവിതമാർഗ്ഗം കൃഷിയും കച്ചവടവുമാണ്. മൊത്തം വിസ്തൃതിയുടെ ഏകദേശം 50% വും മലപ്രദേശവും, പാറക്കെട്ടുകളുമാണ്. ഏകദേശം 25%മാണ് കൃഷിയോഗ്യമായ ഭൂമി. പൈവളികെ ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രകൃതിയും ഭൗതീക സാഹചര്യങ്ങളും ഒരു ഗ്രാമത്തിന്റെ ശാലീനതയും സൗകുമാര്യതയും എല്ലാ അർത്ഥത്തിലും പൂർണ്ണമാണെന്ന് കാണാൻ കഴിയും. പ്രകൃതി തന്നെ ക്രമീകരിച്ചെടുത്ത ഒരു അപൂർവ്വ സമ്പത്ത് എന്ന് തോന്നുംവിധം വശ്യമനോഹര സൗഭാഗ്യങ്ങളുടെ സംഗമമാണ് ഭൂഘടനയുടെ ഭൂരിഭാഗവും. കുഞ്ഞോളങ്ങൾ താലോടുന്ന ചെറുജലാശയങ്ങളും കുന്നുകളും മലകളും സമതലങ്ങളും കൊണ്ട് അനുഗ്രഹീതമായ പ്രദേശമാണ്.
സാധാരണ ജനങ്ങളുടെ മുഖ്യ ജീവിതോപാധിയായിരുന്ന നെൽകൃഷിയും നെൽവയലുകളും നാമമാത്രമായിരിക്കുകയാണ്. Panchayat-ലെ കൃഷിയിൽ ഭൂരിഭാഗവും അടക്ക കൃഷി മാത്രമായിരിക്കുകയാണ്. കൃഷിയിൽ നിന്നുള്ള ആദായക്കുറവും തൊഴിലാളികളുടെ ക്ഷാമവും പാർപ്പിടങ്ങൾക്ക് ആവശ്യമായ ഭൂമിയുടെ ആവശ്യവും നെൽപാടങ്ങൾ നല്ലൊരു ശതമാനം നികത്തി പറമ്പുകളാക്കുകയും ചെയ്തതാണ് ഇൗ ദുരന്തത്തിനു കാരണം.
ഗുമ്പെ, ബള്ളൂർ, ബെരിപദവു എന്നീ പ്രദേശങ്ങൾ ഉയർന്ന പ്രദേശങ്ങളാണ്. Panchayat-ലെ കിഴക്കൻ പ്രദേശത്ത് ചുവന്ന ചരൽമണ്ണും, മദ്ധ്യഭാഗത്ത് എക്കൽ കലർന്ന മണലും, പടിഞ്ഞാറ് ഭാഗത്ത് എക്കൽ മണ്ണിന്റെ ഘടന വ്യത്യസ്ത കൃഷികൾക്ക് അനുയോജ്യമാണ്. തെങ്ങ്, നെൽകൃഷി, എന്നിവ മാത്രമാണ് കൃഷികളായി കണ്ടുവരുന്നത്. വാണിജ്യവിളയായ റബ്ബർ ഇന്ന് Panchayat-ന്റെ കിഴക്കൻ പ്രദേശങ്ങളിൽ കൃഷി ചെയ്ത് വരുന്നുണ്ട്. വംശനാശം വന്നു കൊണ്ടിരിക്കുന്ന ദേശീയ പക്ഷിയായ മയിൽ ഇന്ന് ഇവിടെ കണ്ടുവരുന്നത് അപൂർവ്വ കാഴ്ചയാണ്.
പൈവളികെ ഗ്രാമപഞ്ചായത്തിൽ ഒരു വർഷം ശരാശരി 110 ദിവസം മഴ ലഭിക്കുന്നു. ശരാശരി 3400 മി.മിറ്റർ മഴ ലഭിച്ചു വരുന്നു. കിഴക്കൻ പ്രദേശങ്ങളിൽ മഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളം തടഞ്ഞു നിർത്തി സംരക്ഷിക്കുവാനുള്ള ശാസ്ത്രീയവും പ്രയോഗികവുമായ സംവിധാനം ഇല്ലാത്തതു കൊണ്ട് തന്നെ, വേനൽക്കാലത്ത് രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്നു.
കുന്നുകളും, കാടുകളും, പുഴകളും, തോടുകളും, തങ്ങളുടെ ഉപഭോഗത്തിനുള്ള വിഭവങ്ങൾ മാത്രമായി കരുതുന്ന മനുഷ്യൻ നമുക്കിടയിൽ വളർന്നു പന്തലിച്ചിരിക്കുന്നു. സ്വാർത്ഥ താൽപര്യവും ചൂഷണവും പ്രകൃതിയുടെ സൗന്ദര്യത്തെ അപ്പാടെ ചോർത്തിയെടുത്തിരിക്കുന്നു. ഹരിതഭൂമി അതിന്റെ ആർദ്രതയോടെ നിലനിർത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യമാണ്.